2002 ജൂലൈയില്‍ ബോണസ്സ് കിട്ടിയപ്പോഴാണ് എനിക്കൊരാശ മൂക്കുന്നത്. ഇനിയെങ്കിലും ഓട്ടോ/സൈക്കിള്‍ റിക്ഷാക്കാരെ ആശ്രയിക്കാതെ സ്വന്തമായിട്ടൊരു വാഹനം വാങ്ങണം. കണക്ക് കൂട്ടിയാല്‍, ഇവര്‍ക്ക് ദിവസവും കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു വണ്ടിയുടെ ഈയെമ്മൈ അടഞ്ഞ് പോകും. അപ്പോള്‍ ഡൌണ്‍ പെയ്മെന്റ് ആണ് പ്രശ്നം. അതിനാണല്ലോ കമ്പനി ബോണസ്സ് തരുന്നത്. അപ്പോള്‍ ഇനി ഏതു വണ്ടി വാങ്ങണം എന്ന പ്രശ്നമേ അവശേഷിക്കുന്നുള്ളൂ.
ഒരു മാരുതിയെണ്ണൂറാണെന്റെ ദിവാസ്വപ്നം. പക്ഷേ, സത്യത്തില്‍ അതിനുള്ള പാങ്ങില്ല. പഴയ മാരുതി വാങ്ങിയാലോ ? ഡെല്‍ഹിയില്‍ സെക്കന്റ് ഹാന്‍ഡ് മാരുതിയ്ക്ക് വില കുറവാണ്. പക്ഷേ, ഒന്നാമത്, സെക്കന്‍ന്റാന്റ് മാരുതി വാങ്ങിയാല്‍, അതിന്റെ മെയിന്റ്റനന്‍സിന് വണ്ടിയുടെ വിലയേക്കാള്‍ തുക ചിലവാകും. രണ്ടാമത്, ഒരു പഴയ മാരുതി എണ്ണൂറ് വാങ്ങിയാലൊന്നും ഞാന്‍ ജോലി ചെയ്യുന്നിടത്ത് ഏല്‍ക്കില്ല. അവിടെ അഡ്മിനിലുള്ള താല്‍ക്കാലികരായ ഇരുകാലികള്‍ (ടെമ്പുകള്‍) പോലും വരുന്നത് താരതമ്യേന പുതിയ മാരുതികളിലാണ്.
പിന്നെ ആകെയുള്ളത്, ഏതെങ്കിലുമൊരു പ്രീമിയം കാറ്റഗറി ബൈക്ക് എന്ന ഓപ്ഷന്‍ ആണ്. ആരായാലും പ്രീമിയം ബൈക്ക് ഹരമാണ്. കാറ് ഇല്ലാ എന്ന കുറവ് ഈ ഹരത്തിന്റെ മറവില്‍ ഒളിപ്പിക്കാം. ബൈക്കാകുമ്പോള്‍, പുതിയതു തന്നെ വാങ്ങിക്കാം. കൊണ്ടു നടക്കാന്‍ ചിലവും കുറവ്. പ്രീഡിഗ്രി കഴിഞ്ഞത് മുതലേ ഉപയോഗിച്ച് പരിചയവും ഉണ്ട്. അക്കാലത്തെ മറ്റേതൊരു യുവാവിനെയും പോലെ എന്റെ മനസ്സില്‍ ആദ്യം വന്നത് ഹേറോ ഹോണ്ടാ സീബീസ്സീ (cbz) ആയിരുന്നു. പക്ഷേ, അറുപതിനായിരത്തിനു മുകളില്‍ മുടക്കി, വലിപ്പത്തില്‍ താരതമ്യേന ചെറിയവനായ ഒരു സ്പോര്‍ട്സ് ബൈക്ക് വാങ്ങാന്‍ എന്തോ മനസ്സ് സമ്മതിക്കുന്നില്ല. കാര്യം എന്തായാലും, രണ്ട് ബോസ്സുമാരുടെ വായില്‍ നിന്ന് ഒരു പോലെ ചീത്ത കേള്‍ക്കുന്നതിന് പ്രതിഫലമായി കിട്ടുന്ന കാശല്ലേ.
പിന്നത്തെ ഓപ്ഷന്‍ കവാസാക്കി കാലിബര്‍. എനിക്കിഷ്ടപ്പെട്ട പച്ച നിറത്തില്‍ കിട്ടും, സ്ലീക്ക് ഡിസൈനും. പക്ഷേ, ഓഫീസില്‍ നിന്ന് എല്ലാ ആവശ്യങ്ങള്‍ക്കും പിന്നെ ബാങ്കിലും പോയി വരുകയും (അല്ലാത്ത സമയത്ത് ചായ് പാനി സപ്ലൈ ചെയ്യുകയും) ചെയ്യുന്ന നേപ്പാളികളില്‍ ഒരുത്തന്‍ - ഷേര്‍ ബഹാദൂര്‍ - ഒരു കവാസാക്കി കാലിബര്‍ വാങ്ങിയിട്ട് അധികം നാളായില്ല. എന്താണെന്നറിയില്ല, പണ്ടേ അവനെന്നോടൊരു ബഹുമാനമില്ല. തന്നെയുമല്ല, പതിനായിരം രൂപയുടെ ഒരു ചെക്കിനെ ‘ഹൈ വാല്യൂ ചെക്ക്‘ എന്ന് വിളിച്ചതിന് അവനെന്നെ മിക്കവാറും കളിയാക്കാറുമുണ്ട്. (ഒരു ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ മാത്രം ആണത്രെ ഹൈ വാല്യൂ. ആണോ, ആര്‍ക്കറിയാം. ആണേല്‍ തന്നെ, അത് കമ്പനിക്ക്. നമ്മക്കോ ? നമ്മക്ക് മാസാവസാനമാകുമ്പോള്‍ പതിനായിരം പോയിട്ട് പത്തു രൂപ തന്നെ ഹൈ വാല്യൂ ആണ്)
ഒരു എമര്‍ജന്‍സിയുടെ നേരത്ത്‍, പെട്ടെന്നീ ചെക്ക് ബാങ്കില്‍ നിന്ന് മാറിക്കൊണ്ട് വരാനുള്ള ഉദ്ദേശത്തില്‍, അവനെ ഒന്ന് പ്രെഷറൈസ് ചെയ്യാന്‍ വേണ്ടി ഹൈ വാല്യൂ എന്നൊക്കെ പറഞ്ഞതാണ്. അതിനാണവന്‍ തിരിച്ച് കളിയാക്കിയത്. അങ്ങനെയുള്ള അവന്‍ മേടിച്ച അതേ വണ്ടി തന്നെ ഞാന്‍ മേടിച്ചാല്‍ പിന്നെ അവനും ഓഫീസിലുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ എനിക്കുള്ള ബാക്കി വിലയും ഗോപി. പിന്നെന്തു ചെയ്യും ?
അങ്ങിനെ, തത്കാലം മറ്റു വഴിയൊന്നും കാണാതെ, ദിവസം എണ്‍പത് രൂപാ വീതം കൊടുത്ത്, ഞാന്‍ ഡെല്‍ഹിയിലെ ഓട്ടോക്കാരുടെ ജീവിതം പച്ച പിടിപ്പിച്ചുകൊണ്ടിരുന്നു. ‘ആശ്രമ‘ത്തിലും (ഡെല്‍ഹിക്കാര്‍ ‘ആശ്രം‘ എന്ന് വിളിക്കും, മദ്രാസികള്‍ ‘ആശ്രമം‘ എന്നും) ‘പുഷ്പ് വിഹാറി‘ലും ഉള്ള എല്ലാ ഓട്ടോക്കാര്‍ക്കും എന്നെ നല്ല പരിചയമായി. ഓട്ടോക്കാരോട് കടം പറയാവുന്ന സ്ഥിതി വരെ ആ പരിചയങ്ങള്‍ നീണ്ടു. ചില വിക്രമന്‍മാര്‍ ഒഴികെ.
എത്ര തവണ ഇതേ ഓട്ടോയില്‍ ഇതേ റൂട്ടില്‍ കയറ്റിക്കൊണ്ട് പോയിട്ടുള്ളതാണെങ്കിലും, കേറുമ്പോള്‍ റേറ്റ് ഓര്‍മ്മിപ്പിക്കാന്‍ മറന്നാല്‍, ചെന്നിറങ്ങിക്കഴിയുമ്പോള്‍ സ്ഥിരം റേറ്റായ നാല്പതു രൂപയ്ക്ക് പകരം ചിലവന്മാര്‍ അന്‍പതും അറുപതും ഒക്കെ ചോദിക്കും. ‘എടാ മരപ്പട്ടി ബീഹാറീ, കഴിഞ്ഞ ആഴ്ചയല്ലേടാ നിനക്ക് ഞാന്‍ ഇതേ റൂട്ടില്‍ നാല്പതു രൂപ തന്നത്’ എന്ന് പല തവണ ഞാന്‍ ഈ സഹോദരന്മാരോട്, പുഞ്ചിരിയുടെ അകമ്പടി ഇല്ലാതെ, ചോദിക്കയുണ്ടായിട്ടുണ്ട്. കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ദേഷ്യം വന്നാല്‍ പിന്നെ ബീഹാറികള്‍ക്ക് കണ്ണ് കാണില്ലാ എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതും ആ വഴിക്ക് തന്നെ.
സാബ് വിളിയൊക്കെ പോയി, പകരം തൂ തൂ എന്ന് ബീഹാറി തുപ്പലു തെറിപ്പിച്ചു തുടങ്ങുമ്പോള്‍ പത്തിന്റെ നാല് നോട്ട് സീറ്റിലിട്ടിട്ട് ഞാന്‍ വേഗം മുന്നോട്ട് നടക്കും. വിദ്യാഭ്യാസം തീരെ കുറഞ്ഞ ബീഹാറിയാണെങ്കില്‍ അപ്പോള്‍ പിറകേ വരും. അവനെങ്ങാനും കൊങ്ങായ്ക്ക് പിടിച്ചാലോ ! അതുകൊണ്ട്, ബുദ്ധി പൂര്‍വ്വം, ഒരു പത്തു രൂപ കൂടി എടുത്ത് ‘നീ ഇതു കൊണ്ട് പോയി ഗുണം പിടിക്ക്’ എന്ന് അനുഗ്രഹിച്ചിട്ട് ഞാന്‍ തടിയൂരും. അവനെ പേടിച്ചിട്ടൊന്നുമല്ല, വാടക വീടിനു മുന്നിലല്ലേ ഓട്ടോ ഇറങ്ങുന്നത് ; ‘അല്‍ക്ക‘യെങ്ങാനും (മകാന്‍-മാലിക്കിന്റെ മോള്) എന്നെ ബീഹാറി ഇട്ടോടിക്കുന്നതോ, കൊങ്ങായ്ക്കോ കുത്തിനോ പിടിക്കുന്നതോ കണ്ടാല്‍, ആകെയുള്ള ഒരു വണ്‍വേ-ലൈനും ഗോപിയാകും. അതു കൊണ്ട് മാത്രം !
അങ്ങിനെ ഇരിക്കുമ്പോഴാണ്, എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി യമഹായുടെ പുതിയ ബൈക്ക് ഇറങ്ങുന്നത്. എന്റൈസര്‍ (Enticer) എന്ന ക്രൂയിസര്‍ ബൈക്ക്. ‘സീബീസ്സി‘യുടെ പകുതിയും കൂടി നീളവും വീതിയും ഉള്ള എന്റൈസര്‍, കാല് വയ്ക്കാന്‍ പലക പോലത്തെ ഫൂട് റെസ്റ്റുകള്‍ ഉള്ള എന്റൈസര്‍, വീതിയേറിയ സീറ്റുള്ള എന്റൈസര്‍, വെറും അഞ്ചടി ഏഴിഞ്ചുകാരനായ എനിക്ക് ബൈക്കെങ്ങാനും മറിയാന്‍ തുടങ്ങിയാല്‍ വളരെ കൂളായി നിലത്ത് കാലു കുത്തി ബാലന്‍സ് ചെയ്യാവുന്ന എന്റൈസര്‍, മാരുതിയുടേതിനേക്കാള്‍ വലിയ ചക്രങ്ങള്‍ ഉള്ള എന്റൈസര്‍. കാഴ്ചയ്ക്ക് ഹാര്‍ലി ഡെവിസണ്ടെ ഇളയ മോന്‍.
അതുമിതും എല്ലാം കൂട്ടി വരുമ്പോള്‍ ഏതാണ്ട് അന്‍പത്തേഴായിരം രൂപാ വില വരും. അപ്പോള്‍, ബോണസ്സ് ഡൌണ്‍ പെയ്മെന്റായി ഇട്ടാല്‍, ബാക്കി എനിക്ക് ‘തവണകളായി താങ്ങാവുന്നതേ‘ ഉള്ളൂ. തന്നെയുമല്ല, 4-സ്ട്രോക്ക് എഞ്ചിന്‍ ആയതു കൊണ്ട് മൈലേജും മെച്ചം. യമഹാ അല്ലേ, നല്ല റീസെയില്‍ വാല്യൂവും കിട്ടും. അങ്ങിനെ, അന്നും ഇന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട്, എന്റെ വലിയ രണ്ട് ദിവാസ്വപ്നങ്ങളായ വലിയ പെട്രോള്‍ ടാങ്കും വീതിയേറിയ വീലുകളും കാട്ടി എന്റൈസര്‍ എന്നെ കീഴടക്കി.
ഡെല്‍ഹിയില്‍ ചെന്ന് ആദ്യത്തെ നാലു വര്‍ഷം, കാര്യമായ ‘കിട്ടപ്പോരൊന്നുമില്ലാതെ’ ടി. വി. എസ്സ്. സുസുക്കിയില്‍ ജോലി ചെയ്തിരുന്നു എന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നല്ലോ. പക്ഷേ ഒരു ഗുണമുണ്ട്. കാശ് മുടക്കി ബൈക്ക് വാങ്ങേണ്ടി വന്നില്ല. കമ്പനി വക ബൈക്കുകള്‍ ഉപയോഗിക്കാം.
അത് കഴിഞ്ഞ് ഈയെസ്പീയെന്നിലെത്തിയപ്പോഴാണ് ഓട്ടോ/സൈക്കിള്‍ റിക്ഷാ യാത്രകള്‍ ശീലമാക്കേണ്ടി വന്നത്. ജോലി കഴിഞ്ഞ് പതിവായി വൈകിയെത്തുന്നത് കൊണ്ട്, ഒന്ന് റിലാക്സ് ചെയ്യാന്‍ കൂട്ടുകാരെക്കിട്ടില്ല. അപ്പോള്‍ പിന്നെ, രാത്രി വളരെ വൈകുന്നത് വരെ ടിവി കണ്ടിരിക്കും. രാവിലെ എണീക്കാന്‍ വൈകും. പിന്നെ, സമയം വൈകാതെ ഓഫീസിലെത്താനുള്ള ഒരേയൊരു വഴി ഓട്ടോറിക്ഷാകള്‍ ആണ്.
അങ്ങനെ, ഓട്ടോ ഡ്രൈവര്‍മാരും ഞാനും ചട്ടിയും കലവും മാതിരി തട്ടിയും മുട്ടിയുമൊക്കെ കഴിയുമ്പോള്‍ ഏറ്റവും മുകളില്‍ പറഞ്ഞത് പോലെ എനിക്ക് ബോണസ് കിട്ടുകയും അത് ഡൌണ്‍ പേയ്മെന്റിട്ട് ഞാന്‍ അന്‍പത്തേഴായിരത്തിന്റെ എന്റൈസര്‍ വാങ്ങുകയും ചെയ്തു. ഗോള്‍ഡന്‍ കളര്‍ എന്റൈസര്‍.
2002 കാലഘട്ടമാണ്. എന്റൈസര്‍ മാര്‍കറ്റില്‍ വന്നിട്ട് കഷ്ടിച്ച് ഒരു മാസമായിക്കാണും. ഓഫീസില്‍ പോലും, എന്റൈസറിന്റെ പരസ്യം ടിവിയില്‍ വന്നാല്‍ ആള്‍ക്കാര്‍ നോക്കിയിരുന്ന് വെള്ളം ഇറക്കിയിരുന്ന കാലം. ഗോള്‍ഡന്‍ കളറിലുള്ള എന്റൈസര്‍ കിട്ടാനില്ല. വളരെ ബുദ്ധിമുട്ടി, പണ്ട് ടീവീയെസ്സിലുണ്ടായിരുന്ന ഒരു യമഹാ സ്റ്റാഫ് വഴിയാണ് ഗോള്‍ഡന്‍ കളര്‍ കിട്ടിയത് തന്നെ.
അങ്ങനെ എന്റെ എന്റൈസറില്‍ ചുറ്റിയടിച്ച് ഞാന്‍ ചെത്തിയിരുന്ന കാലം. ആരുടെ മുന്നില്‍ ചെത്തി എന്ന് ചോദിക്കരുത്. ഓടിച്ച് പോകുന്ന വഴിയിലുള്ളവരെല്ലാം എന്റെ ആരാധകര്‍ ആണ് എന്നായിരുന്നു എന്റെ ധാരണ.
സാധാരണഗതിയില്‍ ഡെല്‍ഹിയിലുള്ള ബന്ധുവീടുകളില്‍ പോലും പോകാത്ത ഞാന്‍, അത് വാങ്ങിയതില്‍ പിന്നെ, വീക്കെന്റുകളില്‍ പരിചയക്കാരുടെ വീടുകളില്‍ പോലും ക്ഷണിക്കാതെ ചെല്ലാന്‍ തുടങ്ങി. എന്നെ ഡെല്‍ഹിയിലേക്ക് സ്വാഗതം ചെയ്ത എന്റെ അളിയന്‍ വിളിച്ചാല്‍ പോലും, ആണ്ടിലും ചങ്ക്രാന്തിക്കും മാത്രം അളിയനെയും പെങ്ങളെയും (കസിന്‍) കാണാന്‍ ചെല്ലുന്ന ഞാനാണ്. ഇവനെന്ത് പറ്റി എന്ന്, അളിയന്‍ പോലും സംശയിക്കാന്‍ തുടങ്ങി. വിവാഹപ്രായമെത്തിയപ്പോള്‍ പെണ്ണ് കിട്ടുമോന്ന് നോക്കി ആയിരിക്കും ഈ വീടുകയറിയിറക്കം എന്ന് വരെ ചില അരസികന്മാര്‍ പറഞ്ഞു നടന്നു.
സാധാരണ ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും, ഉച്ചയ്ക്കുണര്‍ന്ന് ‘ബ്രഞ്ച്‘ കഴിച്ച്, പിന്നെ വല്ലേടത്തും കമ്പനിയടിക്കാനോ, സിനിമായ്ക്കൊ ഒക്കെ പോയ്ക്കൊണ്ടിരുന്ന ഞാന്‍ പുതിയ ഇരുചക്രം വന്നതില്‍ പിന്നെ, ശനിയും ഞായറുമൊക്കെ ആറ് മണിക്ക് തന്നെ എണീറ്റ്, പ്രാതലൊക്കെ തനിയെ പാകം ചെയ്ത് കഴിച്ച്, ഒരെട്ടുമണിയാകുമ്പഴേ ബൈക്കുമെടുത്ത് ഇറങ്ങും. പിന്നെ ഒരു പോക്കാണ്. ടാങ്ക് നിറച്ച് പെട്രോളുമടിച്ച്, ആശ്രമത്തില്‍ നിന്ന്, ആദ്യം കാണുന്ന ഏതെങ്കിലുമൊരു മലയാളിയെയും പിന്നിലിരുത്തി അടുത്തുള്ള ചെറിയ റോഡുകള്‍ മുതല്‍ ‘മുദ്രികാ‘ (ഡെല്‍ഹിയെ വലംവയ്ക്കുന്ന റിംഗ് റോഡ്) വരെ ഡെല്‍ഹി മുഴുവന്‍ ചുറ്റിക്കറക്കം തുടങ്ങി.
‘മുദ്രികാ‘ റൂട്ടില്‍ മാത്രം ഓടുന്ന ബസുകള്‍ക്ക് ‘തീവ്രമുദ്രിക‘യെന്ന് പേര്‍. അധികം വൈകാതെ എന്റെയൊരു സുഹൃത്ത് കൈവശമാക്കി വച്ചിരുന്ന ‘തീവ്രമുദ്രിക’ എന്ന ഇരട്ടപ്പേര്‍ എനിക്ക് വീണു. വൈകുന്നേരങ്ങളില്‍ മൈതാനങ്ങളിലൊക്കെ നില്‍ക്കുമ്പോള്‍ ഒരു തരം ചെറിയ പ്രാണിക്കൂട്ടം വന്ന് തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കാറില്ലേ. അതൊഴിവാക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, അടുത്തുനില്‍ക്കുന്നവന്റെ തലയുമായി കൂട്ടിമുട്ടുക. ഏതാണ്ട് അതേ മാതിരിയാണ്, ബൈക്ക് ഓടീരില്‍ അസാധരണ കമ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് അവന്റെ ‘തീവ്രമുദ്രിക‘ എന്ന ഇരട്ടപ്പേര്‍, എന്റൈസറിലുള്ള കറക്കം തുടങ്ങിയതോടു കൂടി എന്റെ തലയില്‍ കെട്ടിവച്ചത്.
ഡെല്‍ഹിയിലെ ചെറുപ്പക്കാരുടെ ദിവാസ്വപ്നമായ സൌത്ത് എക്സ്-ഇല്‍, ഗോതമ്പ് നിറമുള്ള പഞ്ചാബിപ്പെണ്ണുങ്ങള്‍ ഷോപ്പിംഗിന് വന്നിറങ്ങുന്ന സ്പോട്ടുകളിലൊക്കെ എന്റെ എന്റൈസര്‍ എന്തുമാത്രം ഓടി ! വന്നതു മുതല്‍ പത്തു തവണയെങ്കിലും കയറിയിറങ്ങി മടുത്ത കുത്തബ് മീനാറിലും രാജ്ഘട്ടിലും ചെങ്കോട്ടയിലും ബിര്‍ളാ മന്ദിറിലും ആ ഇരുചക്രം ന്യൂക്ലിയസ്സ് വരച്ചു. ശനിയും ഞായറും രാവിലെ ഇറങ്ങിയാല്‍ രാത്രിയാവും തിരിച്ച് വരാന്‍. കുഴിഞ്ഞിരിക്കുന്ന സീറ്റുകള്‍ യാത്രയുടെ സുഖം ഇരട്ടിയാക്കി. പോകുന്ന വഴി മുഴുവന്‍ എന്തുമാത്രം ആരാധകരാണ് എന്റൈസര്‍ നോക്കി വെള്ളമിറക്കുന്നത്. പൊതുവേ എന്റേത് കുരുത്തംകെട്ട ഡ്രൈവിംഗായിട്ടും ആ ഒന്നരക്കൊല്ലം മുഴുവന്‍ ഒരു ചെറിയ ഉരുണ്ടുവീഴല്‍ പൊലും അതില്‍ നിന്ന് ഉണ്ടായിട്ടില്ല.
ഡെല്‍ഹിയിലെ ടൂറിസം മടുത്തപ്പോള്‍ , ഒരു തവണ മൂന്നു ബൈക്കുകളിലായി ഞങ്ങള്‍ ആറു മലയാളികള്‍ ഡെല്‍ഹി-ആഗ്ര-ഡെല്‍ഹി പോയി ടാജ്മഹല്‍ കണ്ടു. ആ യാത്രയും, (ഒരു തവണ നേരത്തെ കണ്ടിട്ടുള്ള) ടാജ്മഹാള്‍ കാണാന്‍ മാത്രമായിട്ട് ആയിരുന്നില്ല താനും.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഒന്നരകൊല്ലവും വളരെപ്പെട്ടെന്ന് കടന്ന് പോയി. എന്റൈസറിന്റെ തവണ അടഞ്ഞ് തീര്‍ന്നു. ആയിടയ്ക്കാണ്, ‘എന്നാലിനി നമ്മക്ക് കല്യാണം കഴിച്ചാലോടീ‘ എന്ന് എന്റെ കുടുംബസുഹൃത്ത് കൂടി ആയിരുന്ന അമേരിക്കക്കാരി കാമുകിയോട് ഞാന്‍ ചോദിക്കുന്നത്. ‘അതിനെന്നാ ആയിക്കളയാം‘ എന്ന് അവളും.
കല്യാണമൊക്കെ കഴിഞ്ഞ് വിസായ്ക്ക് അപേക്ഷിച്ച് കഴിഞ്ഞപ്പോളാണ്, ഡെല്‍ഹിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ എന്റൈസര്‍ എന്ത് ചെയ്യും എന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ക്കുന്നത്. ഒരു പോറല് പോലും ഏല്‍ക്കാതെ ഞാന്‍ കൊണ്ട് നടന്ന, എന്നെ കൊണ്ട് നടന്ന വാഹനമാണ്.
നാട്ടില്‍ ഏല്‍പ്പിച്ചാലോ. അവിടെയാരാണ് അത് ഉപയോഗിക്കാന്‍. ഇപ്പഴും മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ പോയിട്ട്, പിന്നില്‍ പോലും കയറിയിരിക്കുന്നത് അപ്പന് ഇഷ്ടമല്ല. അതിന്റെ കാരണം എന്താണെന്ന് അപ്പന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനിയത്തിയെക്കൊണ്ടാണെങ്കില്‍ ഒരു എന്റൈസര്‍ കൈകാര്യം ചെയ്യാനൊന്നും പറ്റില്ല. പിന്നെ ഒരു വഴിയേയുള്ളൂ :
ആ എന്റൈസര്‍ വില്‍ക്കുക !
അന്‍പത്തേഴായിരം മുടക്കി വാങ്ങിയതല്ലേ, ഫ്ലൈറ്റ് ടിക്കറ്റിന്റെ ഒരു നല്ല ഭാഗവും ആ വഴിക്ക് തടയും. ഇത്രയും ഹോട്ട് സാധനമല്ലേ, അത് വില്‍ക്കാന്‍ വല്യ താമസമുണ്ടാവില്ല. തന്നെയുമല്ല, നാട്ടില്‍ പോകുന്നത് വരെ ഓടിക്കാമല്ലോ. ഇനിയും ഓട്ടോക്കാരോട് ഗുസ്തി പിടിക്കാന്‍ വയ്യ. ഓഫീസില്‍ തന്നെ ആരെങ്കിലും ആവശ്യക്കാര്‍ ഉണ്ടാവും. അല്ലെങ്കില്‍ പത്തോ ആയിരമോ കുറഞ്ഞാലും ബ്രോക്കര്‍മാര്‍ക്ക് കൊടുക്കാം. ടീവീയെസ്സിന്റെ ഡീലര്‍ക്ക് ഒരു പുതിയ മോട്ടോര്‍സൈക്കിളിന് കിട്ടുന്ന കമ്മീഷന്‍ രണ്ടായിരത്തില്‍ താഴെയാണ്. പിന്നല്ലേ ഈ ബ്രോക്കര്‍ !
അങ്ങനെ, എന്റൈസര്‍ വില്‍ക്കാന്‍ മാനസികമായി തയ്യാറെടുപ്പ് നടത്തിവരുമ്പോഴാണ്, പതിവില്ലാതെ ഒര്‍ ദിവസം, ഓഫീസില്‍ വച്ച് ‘ഷേര്‍ ബഹാദൂര്‍‘ എന്റടുത്തേയ്ക്ക് നടന്ന് വരുന്നത്. സാധാരണ അങ്ങോട്ട് അന്വേഷിച്ച് ചെല്ലാറാണ് പതിവ്. ബാങ്കിലൊക്കെ പോയിവരാറുള്ള സാറല്ലേ :) ആക്കൊല്ലമാണ്, അത് വരെ പ്ലേസ്മെന്റ് എജന്‍സി സ്റ്റാഫായിരുന്ന ഷേറിനെ, കമ്പനിയുടെ സ്ഥിരം സ്റ്റാഫാക്കുന്നത്. തുടര്‍ന്ന്, നേപ്പാളിയായ ഷേര്‍ ഒരു ദെല്‍ഹിക്കാരിപ്പെണ്ണിനെ കെട്ടി. അതോടെ ഷേറിന്റെ സ്റ്റാറ്റസ്സും ഉയര്‍ന്നു.
സാവധാനം എന്റെ അടുത്തേയ്ക്ക് നടന്ന് വന്ന്, ഷേര്‍ പതിവില്ലാത്ത ഒരു നേപ്പാളിച്ചിരി ചിരിച്ചിട്ട് ചോദിച്ചു :
“ആപ്കാ എന്റൈസര്‍ ബേച് രഹാ ഹേ നാ ?“
ഞാനൊന്ന് ഞെട്ടി.
എടാ പോക്രീ, നിനക്കിത്ര ധൈര്യമോ. “ നീയെങ്ങനെ അറിഞ്ഞു ?
“ഷേര്‍ : “അമേരിക്കക്ക് പോകുന്നവര്‍ വണ്ടികളൊന്നും കൂടെ കൊണ്ട്പോകാറില്ലല്ലോ.“
ഞാന്‍ : (ഒന്ന് ചമ്മി)
“നീ എന്തിനാ ഇതൊക്കെ തിരക്കുന്നത്. നിന്റെ കാലിബറും ഒരുമാതിരി പുതിയതല്ലേ“
ഷേര്‍ :
“അത് തല്ലിപ്പൊളി വണ്ടിയാണ്. അത് മേടിക്കേണ്ടായിരുന്നു. എന്റൈസര്‍ വില്‍ക്കുന്നെങ്കില്‍ അത് മേടിച്ചിട്ട് കാലിബര്‍ വില്‍ക്കാനാണ് പ്ലാന്‍“
ഞാന്‍ :
“ഇതിന് വിലക്കൂടുതലാകും. ഇപ്പഴും പുതിയ കാലിബറിന്റെ വില കിട്ടുന്ന വണ്ടിയാണ്. വാങ്ങിയപ്പോള്‍ അന്‍പത്തേഴായിരം കൊടുത്തതാണ്. തവണ അടഞ്ഞ് തീര്‍ന്നതേയുള്ളൂ
“ഷേര്‍ :
“അതെന്നാ പറച്ചിലാ സാറേ, അങ്ങനെ അത്യാഗ്രഹിക്കാതെ. ഒന്നരക്കൊല്ലം പഴക്കമായില്ലേ, ഞാനൊരു മുപ്പതിനായിരം തരാം“
ഞാന്‍ :
“തൂ ആദ്മീ ഹേ യാ പൈജാമാ ഹേ ? മുപ്പതിനായിരം രൂപായ്ക്ക് അതിന്റെ ചക്രം തരില്ല ഞാന്‍. ഭാഗ് യഹാം സേ....“
സ്ഥിരം ജോലി ആയപ്പോള്‍ നേപ്പാളീയുടെയൊക്കെ ഒരഹങ്കാരം എന്ന് കരുതി ഞാന്‍ ആ പാവത്തിനോട് ഷെമിച്ചു. നല്ല ഒരോഫറിന് എന്റൈസര്‍ വിറ്റിട്ട് അവനെയൊന്ന് ഞെട്ടിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു.
മൂന്ന് മാസം കഴിഞ്ഞ്, ഒരു തിങ്കളാഴ്ച, വിസ കിട്ടിക്കഴിഞ്ഞപ്പോളാണ്, ഇനിയും എന്റൈസര്‍ കെട്ടിപ്പിടിച്ച് ഇരിക്കാന്‍ സാധ്യമല്ല എന്ന് ഞാന്‍ തീര്‍ച്ചയാക്കുന്നത്. രാജ്യം വിടുന്നതിന് മുന്‍പ് എല്ലാവരെയുമൊന്ന് കാണാന്‍, തൊട്ടടുത്ത ഞായറാഴ്ച നാട്ടിലേയ്ക്ക് തിരിക്കണം. ഒരാഴ്ച കൂടിയുണ്ടല്ലോ. അതു വരെ എന്റൈസര്‍ ഓടിച്ച് നടക്കാം.
അങ്ങനെ, വിസ കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നു, വെള്ളിയാഴ്ചത്തേയ്ക്ക് റിലീവിംഗ് സാങ്ഷനാക്കിയെടുക്കുന്നു, ഞായറാഴ്ച കേരളാ എക്സ്പ്രസ്സില്‍ ടിക്കറ്റ് ശരിയാക്കുന്നു, ഏഴു വര്‍ഷത്തെ കെട്ടും ഭാണ്ടവുമെല്ലം മുറുക്കിക്കെട്ടുന്നു, പഴയതെല്ലാം പലര്‍ക്കായി കൊടുക്കുന്നു. ഒരു മാതിരിയെല്ലാം കൊടുത്തു തീര്‍ത്തു. വില്‍ക്കാന്‍ ഇനി അല്ലറ ചില്ലറ ലൊട്ടുലൊടുക്കുകളും എന്റൈസറും മാത്രം.
വളരെപ്പെട്ടെന്നുള്ള റിലീവിംഗ്, സാങ്ഷന്‍ ആയത് കൊണ്ട് തിങ്കള്‍ മുതല്‍ വെള്ളി വരെ നല്ല തിരക്ക്. വിസ കിട്ടുമെന്നുള്ള ഊഹത്തിന്‍മേല്‍, നേരത്തേ തന്നെ എന്റെ പകരക്കാരനെ, കമ്പനി കണ്ട് വച്ചിരുന്നു. രണ്ടര വര്‍ഷത്തെ മെസ്സ് മുഴുവന്‍ ഇനി മുതല്‍ പുതിയ ആളുടെ സ്വന്തം.
വെള്ളിയാഴ്ച വൈകിട്ട് ഫെയര്‍വെല്ലും കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് എന്റൈസര്‍ ഇനിയും വിറ്റിട്ടില്ല എന്ന ഒരു വെപ്രാളം തലയില്‍ അരിച്ചരിച്ച് കയറുന്നത്. ലാജ്പത് നഗറിലെ സെക്കന്റാന്റ് ടൂവീലര്‍ മാര്‍ക്കറ്റ് അടച്ചിട്ടുണ്ടാവില്ല. വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് താനും. ഒന്ന് ചോദിച്ച് നോക്കാം.
യാത്രയയപ്പിന്, ഒരു മറുപടി പ്രസംഗം അരമണിക്കൂര്‍ മുന്‍പ് നടത്തിയതിന്റെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. അതിന്റെ കൂടെ, വണ്ടി വില്‍ക്കുന്ന കാര്യം സമയത്ത് ഓര്‍ക്കാഞ്ഞതിന്റെ ആധി കൂടി ആയപ്പോള്‍ എന്റെ മുഖം തിലകന്റേതിനേക്കാള്‍ സീരിയസ്സായി. അത് പിന്നെ, പണ്ടേ അങ്ങിനെയാണ്, ഇപ്പഴും. എത്രയൊക്കെ കൂള്‍ ആയി പെരുമാറണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചാലും ടെന്‍ഷന്‍ വരുമ്പോഴൊക്കെ, എന്റെ മുഖം തിലകന് പടിക്കാന്‍ തുടങ്ങും. തിലകനെ വെല്ലുന്ന അഭിനയമായതു കൊണ്ട്, കാര്യമെന്താണ് എന്ന്, കണ്ട് നില്‍ക്കുന്ന, ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെ ഊഹിക്കാനും പറ്റും !
ലാജ്പത് നഗറിലെ ടൂവീലര്‍ മാര്‍ക്കറ്റില്‍, ആദ്യം കണ്ട കടയില്‍ ഒരു സര്‍ദാര്‍ജി ഇരിക്കുന്നു. ഒരു ‘സത്ശ്രീ അകാല്‍‘ വായില്‍ വന്നത് വിഴുങ്ങിയിട്ട്, മുഖവരയൊന്നുമില്ലാതെ കാര്യം പറഞ്ഞു.
വളരെ വിഷമിച്ച് കസേരയില്‍ നിന്ന് എണീറ്റ് ‘കെട്ടന്‍’ (തലേക്കെട്ടുള്ളവന്‍) വണ്ടി നോക്കി.
കെട്ടന്‍ : “ഹ്..മ്..., ഇരുപത്തിനാലായിരം തരാം. അതില്‍ കൂടുതല്‍ ഈ വണ്ടിക്ക് കിട്ടില്ല”
“തെണ്ടീ, ഒന്നരക്കൊല്ലം മുന്‍പ് അന്‍പത്തേഴായിരം കൊടുത്ത് വാങ്ങിയതാണെടാ. നീയിവിടെ ഇരുന്ന് ഈച്ചയടിക്ക്“
പിന്നെ, കുറേ അകലെ ഉള്ള മറ്റൊരു കടയില്‍ ചെന്ന്, അവിടിരുന്ന ഗുജാറാത്തിയോട് വില ചോദിച്ചു.
ഗുജറാത്തി : “ഇരുപത്തിമൂന്നൊ ഇരുപത്തിനാലോ കിട്ടും. ഞങ്ങള്‍ക്കിത് വിറ്റിട്ട് വല്ലോം തടയേണ്ടേ”
എന്റെ ചങ്കിടിപ്പ് കൂടി. മുന്‍പത്തെ സര്‍ദാര്‍ എങ്ങാനും ഇനി ഈ ഗുജറാത്തിക്ക് ഫോണ്‍ ചെയ്ത് എന്നെ ഒറ്റിക്കൊടുത്തോ... ഇതെന്താ പിടിച്ച് പറിക്കാരോ..
അപ്പോള്‍ തോന്നിയ ഒരു ബുദ്ധി....ബൈക്ക് മാറ്റി പാര്‍ക്ക് ചെയ്തിട്ട് വേറൊരു കടയില്‍ ചെന്നു. കുറച്ച് ചെറുപ്പക്കാര്‍ കൂടി നിന്നത് അവഗണിച്ച്, അവിടെ കൌണ്ടറിലിരുന്ന ‘ഷിബു‘വിനോട് (പ്രായം ചെന്നയാള്‍) ചോദിച്ചു
:“ചേട്ടാ, ഒരു ഒന്ന് രണ്ട് കൊല്ലം പഴക്കമുള്ള യമഹാ എന്റൈസര്‍ വേണമായിരുന്നു. ഒരു പത്ത് മുപ്പതിനായിരത്തില്‍ കൂടുതല്‍ മൈല്‍ ഓടാത്തതായിരിക്കണം. വണ്ടിയില്‍ പോറല്‍ ഒന്നും ഏറ്റിരിക്കാന്‍ പാടില്ല. എന്ത് വിലയാകും ?“
ഷിബു : “അതിനെന്താ, അതൊക്കെ ഞങ്ങളുടെ കൈയില്‍ സ്റ്റോക്കുണ്ട്. ബ്ലാക്കോ ഗോള്‍ഡോ എത് കളറില്‍ വേണമെങ്കിലും തരാം. വില ഒരു മുപ്പത്-മുപ്പത്തി രണ്ട് ആയിരം ആകും“
ഞാന്‍ : “അത് ഒത്തിരി കൂടുതലല്ലെ ചേട്ടാ, ഇത് നിങ്ങള്‍ ഒത്തിരി ലാഭമെടുക്കുന്നുണ്ടല്ലോ. ഇത്രയുമൊക്കെ മാര്‍ജിന്‍ എടുക്കുന്നത് ശരിയല്ല കേട്ടൊ”
ഷിബു : “അതൊന്നുമില്ല സാറേ, ഞങ്ങള്‍ അങ്ങേയറ്റം ഒരു ആയിരം രണ്ടായിരം രൂപാ കമ്മീഷന്‍ എടുക്കും. സാറിന് അധികം വില കൂട്ടാതെ തരാം. അതൊക്കെ പോട്ടെ, ഇന്ന് തന്നെ കച്ചോടം ഉറപ്പിക്കാനാണോ ?“
ഞാന്‍ : “അതെ. വാങ്ങാനല്ല, ഇതേ മാതിരിയൊരെണ്ണം എന്റെ കൈയിലുണ്ട്. മുപ്പത്തി രണ്ടായിരത്തില്‍ നിന്ന് രണ്ടായിരം കുറച്ചൊളൂ. ബാക്കി മുപ്പതിനായിരം എനിക്ക് തന്നിട്ട്, എന്റെ ബൈക്ക് നിങ്ങളെടുത്തോ. അല്‍പ്പം മാറിയാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഞാനതെടുത്ത് ഇപ്പം വരാം”
ഇത്രേം സമയം നല്ല ഉശിരായി മറുപടി പറഞ്ഞിരുന്ന ഷിബുവിന്റെ മുഖത്തെ നിറം മങ്ങി. ചുണ്ട് രണ്ടും കൂര്‍ത്ത് വന്നു.
കണ്ണില്‍ നോക്കാതെ ‘ഷിബു‘ എന്നോട് പറഞ്ഞു.“ശരി, കൊണ്ടു വാ, വണ്ടിയൊന്ന് നോക്കട്ടെ”
പാര്‍ക്ക് ചെയ്തിടത്ത് നിന്ന് വണ്ടിയുമെടുത്ത് ഞാന്‍ വന്നപ്പോള്‍, ആ കടയില്‍ നിന്ന് ‘ഷിബു’ അപ്രത്യക്ഷനായിരിക്കുന്നു ! പകരം, മുന്‍പ് നിന്ന ചെറുപ്പക്കാരിലൊരാള്‍ ആണ് ഇപ്പോള്‍ കടയുടമ.
ഇനി ഇവിടെ ചുറ്റിക്കളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോള്‍ വണ്ടിയെടുത്ത് ഞാന്‍ വീട്ടില്‍ ചെന്നു. എന്റെ മൊബൈലില്‍ വിളി തുടങ്ങി. പല പരിചയക്കാരെയും, ഓഫീസിലെ സുഹൃത്തുക്കളെയും ഒക്കെ. “ഒരു എന്റൈസര്‍ വില്‍ക്കാനുണ്ടേ, എന്റൈസര്‍ വേണോ, എന്റൈസര്‍.....”
ഇടിപിടീന്ന് ചോദിക്കുമ്പോള്‍ ആര്‍ക്കും വേണ്ട. അതിനു മുന്നേ എന്തായിരുന്നു എന്റ്സറിന്റെ പേരില്‍ എന്നെ പുകഴ്ത്തുന്ന പുകഴ്ത്തല്‍.
ഇനി ആകെയുള്ള വഴി, മുപ്പതിനായിരം പറഞ്ഞ ഷേര്‍ ബഹാദൂര്‍ സിങ്ജാലി തന്നെ. ഷേറെങ്കില്‍ ഷേര്‍.
“ഷേരൂ, ക്യാ ഹാല്‍ ചാല്‍ ഹേ ? നമ്മള്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടല്ലോ അല്ലേ, ഒരു മുപ്പത്തിഒന്നിനാണെങ്കില്‍ നമുക്ക് നോക്കിക്കളയാം
“ഷേരു : “മുപ്പത്തിയൊന്നോ ? മുപ്പത് തന്നെ എത്ര മാസം മുന്‍പ് പറഞ്ഞ വിലയാ, അത് കഴിഞ്ഞ് വണ്ടി എത്ര ഓടി. ഒരു ഇരുപത്തഞ്ചിനാണേല്‍ നോക്കാം. പൈസ തിങ്കളാഴ്ച തരാം. ഓക്കേ”
ഏഴ് കൊല്ലവും, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പലരുമായി നെഗോഷ്യേഷന്‍ നടത്തിയതിന്റെ പരിചയം വച്ച്, സ്വയം ഒരു മിടുക്കന്‍ പട്ടം നല്‍കി ബഹുമാനിച്ചിരുന്ന എനിക്ക്, എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം!
“ഇല്ല ഷേരൂ, അത് ശരിയാവില്ല, എനിക്ക് ഞായറാഴ്ച നാട്ടില്‍ പോകേണ്ടതാണ്. ഏതായാലും, നോ പ്രോബ്ലം. താങ്ക്സ്”
അങ്ങനെ, പിറ്റേന്ന് ശനിയാഴ്ച, ലാജ്പത് നഗറില്‍ ചെന്ന് ഇതു വരെ കയറാത്ത ഒരു ബ്രോക്കറുടെ അടുത്ത് ചെന്ന്, വണ്ടിക്ക് വില പറഞ്ഞുറപ്പിച്ചു. ഇരുപത്തയ്യായിരം രൂപാ.
“ഇതിന്റെ ഫാഷനൊക്കെ പോയി സാറേ, സാറിനറിയാഞ്ഞിട്ടാണ്. ഈ ഫോര്‍ സ്ട്രോക്കിനൊന്നും ഒരു റീസെയില്‍ വാല്യൂവുമില്ല. പഴയ യമഹാ ആറെക്സിനൊക്കെ ഇപ്പഴും ഡിമാന്റൊണ്ട്. ഇതതു പോലാണോ“
അയാള്‍ തന്ന വിസിറ്റിംഗ് കാര്‍ഡ് കൈയിലിരുപ്പുണ്ട്. പേരിന്റെ വാല്‍ ‘ദയാനി’. എന്ന് വച്ചാല്‍ ‘സിന്ധി‘. പാരമ്പര്യമായി യാതൊരു മനുഷ്യപ്പറ്റുമില്ലാത്ത ‘ഗുപ്താ, ബനിയാ’ എന്നൊക്കെയുള്ള, അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കാറ്റഗറിയില്‍ പെടും.
അല്ലെങ്കില്‍ തന്നെ പുത്തന്‍ ബൈക്ക് വില്‍ക്കുന്ന ബ്രോക്കറേക്കാള്‍ രണ്ട് ഇരട്ടി മാര്‍ജിന്‍ ആണ് ഈ ബ്ബ്രോക്കര്‍മാരെല്ലാവരും പറയുന്നത്. പിന്നെ ഇവനായിട്ടെന്തിന് കുറയ്ക്കണം. റെഡി ക്യാഷ് തരാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാലും, സിന്ധിയാണ്, സിന്ധിയുടെ ജാത്യഗുണം എവിടെയെങ്കിലും കാണിക്കാതിരിക്കില്ല.
ഞാന്‍ : ‘എന്തെങ്കിലും ആകട്ടെ. കാശ് തന്നേക്കൂ. എനിക്ക് ധൃതിയുണ്ട്.‘
സിന്ധി : “അതിനെന്താ, ഈ ഡോക്യുമെന്റ്സ് ഒന്ന് സൈന്‍ ചെയ്തോളൂ. ഈ മാര്‍ക്കറ്റില്‍ തന്നെ ബാങ്കിന്റെ ബ്രാഞ്ചുണ്ട്. പയ്യന്‍ ക്യാഷ് എടുക്കാന്‍ പോയിരിക്കുകയാണ്“
പത്തു മിനുട്ടിനുള്ളില്‍ ക്യാഷുമായി പയ്യന്‍ വന്നു. സിന്ധി, കാശ് എണ്ണിയിട്ട് എന്റെ നേരെ നീട്ടി. എണ്ണി നോക്കിയപ്പോള്‍, ഇരുപത്തിനാലേ ഉള്ളൂ. ആയിരം കുറവ്.
ഞാന്‍ : “ഇതെന്താ, എണ്ണം തെറ്റിയോ ? ഇരുപത്തഞ്ച് എന്ന് പറഞ്ഞിട്ട് ഇത് ഇരുപത്തിനാലേ ഉള്ളല്ലോ”
സിന്ധി : “എണ്ണവും കണക്കുമൊന്നും തെറ്റിയിട്ടില്ല, ഇരുപത്തയ്യായിരത്തില്‍ നിന്ന് ആയിരം ഞങ്ങളുടെ കമ്മീഷനായി എടുത്തിട്ടുണ്ട്. ഈ വണ്ടി വേറാര്‍ക്കെങ്കിലും വില്‍ക്കുന്നതിനുള്ള കമ്മീഷന്‍“
ഇനി നെഗോഷ്യേറ്റ് ചെയ്യാന്‍ നിന്നാല്‍, തന്ന ഇരുപത്തിനാലില്‍ നിന്ന് എന്തെങ്കിലും കൂടി സിന്ധി തിരിച്ച് ചോദിച്ചാലോ എന്ന് പേടിച്ച്, കാശ് പോക്കറ്റിലിട്ട് ഹെല്‍മറ്റും എടുത്ത് ഞാന്‍ വേഗം സിന്ധിയുടെ കടയില്‍ നിന്ന് ഇറങ്ങിയോടി.ഓടിയ വഴിക്ക് കണ്‍കോണിലൂടെ കണ്ട കാഴ്ച എന്റെ ചങ്ക് തകര്‍ത്തുകളഞ്ഞു.
എന്റെ പ്രിയപ്പെട്ട എന്റൈസര്‍ ഇതിനോടകം തന്നെ കുളിച്ചൊരുങ്ങി നില്‍ക്കുന്ന കാഴ്ച ! എപ്പോഴും പെണ്ണു കാണാന്‍ കടന്ന് വരാവുന്ന ഒരു രണ്ടാം ഭര്‍ത്താവിനു വേണ്ടി......
വഴിയില്‍ ആദ്യം കണ്ട ഓട്ടോ നിര്‍ത്തിച്ച് കയറിയിരുന്നു.‘ആശ്രം ജാനാ ഹേ’“പച്ചാസ് റുപ്പയാ ലഗേഗാ”
“ കോയീ ബാത് നഹി, ചലോ”
posted by ദിവാ (ദിവാസ്വപ്നം) at
Wednesday, July 12, 2006 =======================================
(ചില പ്രത്യേക കാരണങ്ങളാല്‍, ഈ പോസ്റ്റില്‍ വന്ന നാലു കമന്റുകള്‍ വെട്ടിയൊട്ടിച്ച് താഴെ കൊടുത്തിരിക്കുന്നു)
ബിരിയാണിക്കുട്ടി said...കഥ കലക്കി..ടൂ വീലര്‍ കഥകള്‍ എന്നുമെന്റെ ഒരു ഹരമാണേ..തിരുത്ത് അതിലേറെ കലക്കി..ഹ ഹ ഹ..തിരുത്ത് കൊടുത്തത് കൊണ്ടാണ്- അത് കൊണ്ട് മാത്രമാണ് -അഛന്‍ വണ്ടിയില്‍ കേറാത്തതിന്റെ കാരണം “മന്താണ്” എന്ന് കണ്ടത്.. :-) സത്യായിട്ടും പോസ്റ്റ് വായിച്ചപ്പോള്‍ ഞാനത് കണ്ടതേയില്ല. ഈ തിരുത്ത് ഒരു തരത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാക്കുകയല്ലേ എന്നൊരു വര്‍ണ്ണ്യാശങ്ക. പോസ്റ്റില്‍ തന്നെ തിരുത്തുന്നതാ ദിവാ, നല്ലത്.
കുറുമാന്‍ said...അടിപൊളി മാഷെ.....അപ്പോ ആശ്രമത്തില്‍ താമസവും, പുഷ്പവിഹാറില്‍ ജോലിയും ആയിരുന്നല്ലെ......എന്തെല്ലാം ഓര്‍മ്മകള്‍ ഞാന്‍ അയവിറക്കി......ബീഹാറിയുടെ തു, തൂ തുപ്പല്‍ കലക്കി
ഇടിവാള്‍ iTivAL said...കഥ വായിച്ചു നാനായി ചിരിച്ചു, ഒന്നു ക്ലിയറായി വരുമ്പോഴേക്കും തിരുത്ത് !! എന്റീശൊയേ !! തിരുത്തും ഗംഭീരം ! അറിയാതെ പറ്റിപ്പോയതാണോ ? അതോ ഡെലിബറേറ്റ് മിസ്റ്റേക്ക് ആണോ ?ഇതോര്‍ത്തപ്പോള്‍, കുറച്ചു മാസം മുന്‍പ്, എന്റെ ഷെവര്‍ലേ ലൂമിന, വില്‍ക്കാന്‍ നടന്ന പൊല്ലാപ്പിനെ കുറിച്ചോര്‍ത്തു ! നോ റീ സെയില്‍ വാല്യൂ! എല്ലാവര്‍ക്കും പറയാന്‍ ഒന്നു മാത്രം !
ദില്‍ബാസുരന്‍ said...ദിവാ ചേട്ടോ..കലക്കി കേട്ടോ... ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ? ഗോതമ്പ് നിറമുള്ള പഞ്ചാബി പെണ്‍ കൊടികളില്‍ നിന്ന് ആ ബൈക്ക് വാങ്ങിത്തന്ന കടക്കണ്ണേറുകള്‍ക്ക് റുപ്പീസിലോ ഡോളറിലോ വില പറയാന്‍ കഴിയുമോ?
===================
Adithyan said...
അതേ, ഈ കിടിലങ്ങള്‍ ഒക്കെ ഈ എന്റൈസര്‍ തന്നെ തിരഞ്ഞെടുക്കാന്‍ എന്തേലും കാരണം? അതും ഗോള്‍ഡന്‍ എന്റൈസര്‍....... ബാംഗളൂരും ഒരു ഗോള്‍ഡന്‍ യമഹ എന്റൈസര്‍ അതിന്റെ പ്രൌഡ് ഓണറെയും വെച്ച് ഓടിയിരുന്നു... ഈയടുത്ത കാലം വരെ :)
Wednesday, July 12, 2006 1:17:55 AM evuraan said...
എന്നിട്ട് വിറ്റോ ആദിത്യാ? എങ്കില്‍ ഇപ്പോഴതിനെ ആണ്‍പിള്ളേരോടിക്കുന്നുണ്ടാവണം അല്ലേ ആദിത്യാ?
Wednesday, July 12, 2006 1:20:49 AM evuraan said...
ശെ. സ്മൈലി മറന്നു.. ദാ :^)
Wednesday, July 12, 2006 1:23:47 AM Adithyan said...
എനിക്ക് ഈയിടെ നല്ല പോളിങ്ങാ... കമന്റൊന്നിന് ഒരു ഗോള്‍ വെച്ചു കിട്ടുന്നുണ്ട്. എന്റെയൊരു ഭാഗ്യം :(
Wednesday, July 12, 2006 1:26:40 AM ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:31:38 AM ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:33:14 AM വിശാല മനസ്കൻ said...
...ഏഴ് കൊല്ലവും, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പലരുമായി നെഗോഷ്യേഷന്‍ നടത്തിയതിന്റെ പരിചയം വച്ച്, സ്വയം ഒരു മിടുക്കന്‍ പട്ടം നല്‍കി ബഹുമാനിച്ചിരുന്ന എനിക്ക്, എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം...അടുത്തുണ്ടെങ്കില്‍, സെയിം പിച്ചുപിച്ചാന്‍ തോന്നിപ്പോകുന്നു കൂട്ടുകാരാ..കമന്റാന്‍ ലേയ്റ്റായതാണേ. ക്ഷമി. പോസ്റ്റ് നന്നായിട്ടുണ്ട്.
Wednesday, July 12, 2006 1:46:29 AM ദിവാസ്വപ്നം said...
വിശാലമനസ്സേ,കടിച്ച് പിടിച്ച് അരിച്ച് ഗുണിച്ച് ഉണ്ടാക്കുന്നതാണ് ഒരൊറ്റ നിമിഷത്തെ ബുദ്ധിമോശം കൊണ്ട് ഒറ്റയടിക്ക് കാക്ക കൊണ്ട്പോകുന്നത്.കമന്റാന്‍ താമസിച്ചിട്ടില്ല. ഈ പോസ്റ്റ്, ചൊവ്വാഴ്ച വെളുപ്പിനെയാണ് പൂര്‍ത്തിയാക്കി പോസ്റ്റ് ചെയ്തത്. പക്ഷേ, എഴുത്ത് തുടങ്ങിയ തിയതി ഞായറാഴ്ച ആയത് കൊണ്ട് തനിഓര്‍ഗിന്റെ കുറേ താഴെഭാഗത്തായിട്ടാണ് പൊങ്ങിയത്. ഇപ്പം ശരിയായി.
Wednesday, July 12, 2006 2:06:34 AM ദിവാസ്വപ്നം said...
- ബിരിയാണിക്കുട്ടീ,തിരുത്ത് ശരിയാക്കിയിട്ടുണ്ട്. മൊത്തം ഒന്നു കൂടി എഡിറ്റ് ചെയ്തു. എന്റെയപ്പന് മന്തുണ്ടെന്ന് ആരും തെറ്റിദ്ധരിക്കാതിരിക്കാനുള്ള ആവേശത്തില്‍ ചെയ്തുപോയതാണ്. അദ്ദേഹവും എന്റെ ബ്ലോഗ്‍ വായിക്കും.- കുറുമാനേ, അതേ, ആശ്രമത്തില്‍ സി ബ്ലോക്കില്‍ ആയിരുന്നു. അതിന് മുമ്പ് ശ്രീനിവാസ്പുരി.- ഇടിവാളേ,അറിയാതെ പറ്റിയ തെറ്റായിരുന്നു. എഴുതിയെഴുതി കൈ കഴച്ചൊടിയുമ്പോള്‍ പറ്റിയതാണ്, ‘കാരണമെന്ത്‘ എന്നതിന് പകരം, ‘കാരണം മന്ത്‘ എന്ന്.- ദില്‍ബാസുരാ,ഇല്ല, ആ ബൈക്ക് വാങ്ങിത്തന്ന ഏറുകള്‍ക്ക് വില പറയാന്‍ പറ്റില്ല. എന്നാലും അത് എന്റെ ആദ്യപ്രണയമല്ലായിരുന്നോ.- ആദിയേ,അതാണ് എന്റൈസര്‍. എന്റൈസിംഗ് ആയിട്ടുള്ളവര്‍ മാത്രമേ അത് തെരഞ്ഞെടുക്കൂ :) തന്റെ എന്റൈസറിന്റെ ഫോട്ടോ വല്ലതും ഇരിപ്പുണ്ടോ
Wednesday, July 12, 2006 3:14:23 AM മഴനൂലുകള്‍... said...
"അങ്ങനെ എന്റെ എന്റൈസറില്‍ ചുറ്റിയടിച്ച് ഞാന്‍ ചെത്തിയിരുന്ന കാലം. ആരുടെ മുന്നില്‍ ചെത്തി എന്ന് ചോദിക്കരുത്. ഓടിച്ച് പോകുന്ന വഴിയിലുള്ളവരെല്ലാം എന്റെ ആരാധകര്‍ ആണ് എന്നായിരുന്നു എന്റെ ധാരണ"ഹ... ഹാ... രസകരം ദിവാസ്വപ്നമേ...
Wednesday, July 12, 2006 3:37:51 AM ദിവാസ്വപ്നം said...
മഴനൂലുകളേ,നന്ദി. ഇത്തരം മതിഭ്രംശങ്ങള്‍ ഇപ്പോഴും ഉണ്ടാകാറുണ്ട്. എന്നാലെങ്കിലും ഞാന്‍ പടിക്കുമോ... എബടെ...
Wednesday, July 12, 2006 3:50:08 AM അരവിന്ദ് :: aravind said...
ഹ ഹ ഹ ഹഒത്തിരി ഇഷ്ടപ്പെട്ടു ദിവാസ്വപ്നമേ :-))ഇന്നലെത്തന്നെ ആ തിരുത്ത് വായിച്ച് തന്നെ ഒത്തിരി ചിരിച്ചു..ഒത്തിരി ഓര്‍മകള്‍ തന്ന പോസ്റ്റ്...സെക്കണ്ട് ഹാന്‍ഡ് കൈനറ്റിക് ബാംഗ്ലൂരില്‍ വാങ്ങിപ്പൊല്ലാപ്പിലായതും, പിന്നെ പുതിയ വണ്ടി എടുത്ത് , ഗുര്‍ഗാവോണിലായിരുന്നപ്പോള്‍ വിറ്റതും..എല്ലാം ട്രാജഡികള്‍...ഓര്‍ക്കുമ്പോള്‍ തന്നെ സങ്കടം വരുന്നു :-))ഏതായാലും എന്റൈസര്‍ കഥ കലക്കി! :-)
Wednesday, July 12, 2006 5:40:12 AM saptavarnangal said...
ദിവാസ്വപ്നമേ,ആദ്യമേ തന്നെ പോസ്റ്റ് വായിച്ചിരുന്നു. അപ്പോള്‍ ‘മന്ത്‘ പോസ്റ്റില്‍ നോട്ട് ചെയ്തില്ലായിരുന്നു.. അന്നേരമാണ് ദിവാസ്വപ്നത്തിന്റെ തിരുത്തു വന്നതു.. അതു കണ്ടപ്പോള്‍ .. ഈ ഫുള്‍ എഴുത്തിനേക്കാളും എന്നെ ചിരിപ്പിച്ചതു ആ അക്ഷരതെറ്റായിരുന്നു..! :)
Wednesday, July 12, 2006 6:09:18 AM സൂര്യോദയം said...
കൊള്ളാം... നന്നായിരിക്കുന്നു... :-)
Wednesday, July 12, 2006 7:01:46 AM ദിവാസ്വപ്നം said...
-അരവിന്ദ്,അരവിന്ദ് ഈ പോസ്റ്റ് വായിച്ചിട്ട്, നാല് ഹ ഹ ഹ ഹ ഇട്ടെങ്കില്‍ ഞാനെത്ര ധന്യന്‍.എന്നാല്‍ ഇന്നസെന്റായി മാറി ഞാനൊരു സത്യം പറയാം. ‘ദേ, ഞാനാ തിരുത്ത് അറിഞ്ഞോണ്ടിട്ടതാ കേട്ടോ, എല്ലാരേം ഞാന്‍ പറ്റിച്ചേ, പറ്റിച്ചേ, ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ’പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ അപ്പന്‍ വാങ്ങിത്തന്ന ഒരു സമുറായി വാങ്ങി നാല് കൊല്ലം കഴിഞ്ഞപ്പോള്‍ വെറും ആയിരം രൂപാ കുറവില്‍ വിറ്റ ഒരു ലാഭക്കഥ അപ്പന്റെ ചരിത്രത്തിലുണ്ട്. ആ ഒരു ധാരണയിലാണ് എന്നാല്‍ പിന്നെ എന്റൈസര്‍ ലാഭത്തില്‍ വില്‍ക്കാം എന്ന് ഞാന്‍ അത്യാഗ്രഹിച്ചു പോയത്. പെങ്ങള്‍ക്കായി അപ്പന്‍ വാങ്ങിക്കൊടുത്ത കൈനറ്റിക് ഹോണ്ടായും വല്യ നഷ്ടമില്ലാതെയാണ് അപ്പന്‍ വിറ്റത്.എന്റൈസര്‍ വിറ്റു കഴിഞ്ഞപ്പോഴാണ് അപ്പന്‍ തന്നെയാണ് മിടുക്കന്‍ എന്ന് ഞാന്‍ സമ്മതിച്ചു കൊടുത്തത്.പക്ഷേ, എന്നാലും വണ്ടിക്കച്ചോടം എന്നും ട്രാജഡികള്‍ ആണ്. ഈയടുത്ത് വിറ്റ കൊറോളാ വരെ.സങ്കടം വരുന്നൂന്ന് എഴുതിയതിന്റെ തൊട്ട് പിന്നാലെ ‘:-))‘ ആണല്ലൊ കാണുന്നത്. അപ്പം സങ്കടത്തിന്റെ ചിഹ്നം മാറിയോ, ഞാനറിഞ്ഞില്ലല്ലോ.-സപ്തവര്‍ണ്ണം,അതു ഞാന്‍ ചുമ്മാ എല്ലാരും ശ്രദ്ധിച്ച് വായിക്കുന്നുണ്ടോന്ന് നോക്കാന്‍ ഒരു ട്രിക്ക് ഇറക്കിയതല്ലേ. ട്രിക്ക് എനിക്ക് തന്നെ പാരയായീന്ന് പറഞ്ഞാ മതിയല്ലോ.-സൂര്യോദയം,നന്ദി.
Wednesday, July 12, 2006 8:57:54 AM ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:26:00 PM ദിവാസ്വപ്നം said...
Evuraan,Thanks very much. I sincerely appreciate your support.regards,ദിവാസ്വപ്നം
Wednesday, July 12, 2006 2:04:29 PM സുനില്‍ കൃഷ്ണന്‍ said...
കൊള്ളായ്കയില്ല ..ഉം ..ഉം ... പോന്നോട്ടെ... പോന്നോട്ടെ...
Thursday, July 13, 2006 5:47:34 AM ദിവാസ്വപ്നം said...
സുനില്‍ കൃഷ്ണന്‍,കൊള്ളായ്കയില്ലാ എന്നേ ഉള്ളൂ എന്നറിയാം :)പക്ഷേ, എന്തോ; എന്റെ ആദ്യത്തെ പോസ്റ്റിനേക്കാള്‍ എനിക്ക് പ്രിയം ഈ പോസ്റ്റാണ്. നടന്നത്, മായമൊന്നും ചേര്‍ക്കാതെ അതേപടി എഴുതിയതു കൊണ്ടായിരിക്കാം.നന്ദി, കമന്റിയതിന്.
Thursday, July 13, 2006 10:49:05 PM